മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ
മണിക്കൊന്ന കണി വെച്ച തമ്പുരാട്ടീ
മഞ്ഞളിൻ നിറം കൊണ്ടും
മൈക്കണ്ണിൻ മുന കൊണ്ടും
മദനനെ മയക്കുന്ന തമ്പുരാട്ടീ
ഇവളിനി മംഗലത്തു വിളക്കു വെയ്ക്കണ വമ്പുകാരീ
മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ
മണിക്കൊന്ന കണി വെച്ച തമ്പുരാട്ടീ
ചന്ദ്രകാന്തക്കല്ലു പോലെ
ഇന്ദ്രനീല ചാന്തിൽ മുങ്ങും
ചൈത്ര നിലാവൊത്ത തമ്പുരാനേ
കണ്ണു കൊണ്ടു വാൾ തൊടുത്തും
പുഞ്ചിരിപ്പൂവാൽ തടുത്തും
അങ്കത്തിനായ് വരും ചേകവനേ
കളരിയിൽ ഇനിയൊരു മിന്നായം
കാൽത്തളയുടെ കളമൊഴിനാദം
പാൽനുര നുരയുമൊരിവളുടെ രാമായണം
മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ
മണിക്കൊന്ന കണി വെച്ച തമ്പുരാട്ടീ
നീ വലം കാൽ വെച്ച നേരം
പൂത്തുവല്ലോ പൊന്നശോകം
നീ തൊട്ടാൽ പാടിടും നന്തുണി പോലും
എണ്ണ തീരും കൽ വിളക്കിൽ
വെണ്ണിലാവേ നീ ഉദിച്ചാൽ
പൂവിതൾ നാളങ്ങൾ കഥകളിയാടും
നിറപറ നിറയണ പൊന്നാലേ
കിളിമകൾ പറയണ കഥയാലേ
ഓട്ടുരുളിയിൽ ഒരു മനസ്സിൻ പഞ്ചാമൃതം
മാമ്പുള്ളിക്കാവിൽ മരതകക്കാവിൽ
മണിക്കൊന്ന കണി വെച്ച തമ്പുരാട്ടീ
മഞ്ഞളിൻ നിറം കൊണ്ടും
മൈക്കണ്ണിൻ മുന കൊണ്ടും
മദനനെ മയക്കുന്ന തമ്പുരാട്ടീ
ഇവളിനി മംഗലത്തു വിളക്കു വെയ്ക്കണ വമ്പുകാരീ